വിഷു ആഘോഷങ്ങൾക്കായി ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ 15 ബുധനാഴ്ചയാണ് ഇത്തവണ വിഷു. പ്രകൃതിയിൽ സ്വർണ്ണാഭരണം ചാർത്തിയത് പോലെ കൊന്നപ്പൂക്കൾ പൂത്തുനിൽക്കുന്ന കാഴ്ച വിഷുവിൻ്റെ വരവറിയിക്കുന്നു.വസന്തത്തിന്റെ മൃദുസ്മിതവുമായി വീണ്ടും വിഷു എത്തുമ്പോൾ, നാടെങ്ങും ആഘോഷത്തിന്റെ ആവേശത്തിലാണ് മലയാളികൾ. വീടുകളിലും ക്ഷേത്രങ്ങളിലുമായി ശുചീകരണവും അലങ്കാരങ്ങളും പുരോഗമിക്കുന്നു. റോഡരികില്‍ കൃഷ്ണവിഗ്രഹങ്ങളും നിറഞ്ഞു. വിഷുക്കണിക്കായി അരിയും കായ്കളും പഴങ്ങളും വിളക്കുകളും ഒരുക്കി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പുലർച്ചെ കണിക്കാണാനുള്ള ആചാരം ഇന്നും അതേ ആത്മീയതയോടെ തുടരുന്നു. കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകാൻ മുതിർന്നവർ തയ്യാറെടുക്കുമ്പോൾ, വീടുകളിൽ വിഷുസദ്യയുടെ ഒരുക്കങ്ങളും സജീവമാണ്. പച്ചക്കറികളും പഴങ്ങളും പടക്കങ്ങളും വാങ്ങാൻ വിപണികൾ തിരക്കേറി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വിഷു വിപണികൾ ഉണർവോടെ പ്രവർത്തിക്കുന്നു. കൃഷിയോട് ചേർന്ന ഈ ഉത്സവം, പുതുവർഷത്തിലെ സമൃദ്ധിക്കും നന്മയ്ക്കും പ്രത്യാശയുണർത്തുന്ന ഘട്ടമാണ്. വയലുകളിലും വീടുകളിലും പൂജകളും നേർച്ചകളും നടത്തി നല്ല വിളവിനായി കർഷകർ പ്രാർത്ഥിക്കുന്നു. പാരമ്പര്യവും നവീനതയും കൈകോർക്കുന്ന വിഷു ആഘോഷം, മലയാളികളുടെ ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി വീണ്ടും തെളിയുന്നു.
Written by
Gramika Team
April 13, 2026
Keep reading
Explore more feature stories
