news
G

Author

Gramika Team

Published

April 6, 2026

മണ്ണിനടിയിലെ മരണത്തെ മണത്തറിഞ്ഞ നായകൻ; മനുഷ്യരാശിക്ക് പ്രതീക്ഷയായി ‘മഗാവ’

മണ്ണിനടിയിലെ മരണത്തെ മണത്തറിഞ്ഞ നായകൻ; മനുഷ്യരാശിക്ക് പ്രതീക്ഷയായി ‘മഗാവ’

യുദ്ധം അവസാനിച്ചാലും അതിന്റെ ഭീഷണി പല തലമുറകളെയും പിന്തുടരാറുണ്ട്. അത്തരമൊരു മരണ ഭീഷണിക്കെതിരെ മനുഷ്യർക്കൊപ്പമൊത്ത് പോരാടിയ ചെറിയൊരു ജീവിയുണ്ട് — മഗാവ (Magawa). ആഫ്രിക്കൻ ഭീമൻ എലി വർഗത്തിൽപ്പെട്ട മഗാവ, കംബോഡിയയിലെ ആയിരക്കണക്കിന് മനുഷ്യജീവൻ രക്ഷിച്ചത്.

മഗാവയുടെ ജീവിതം സാധരണ എലികളിൽ നിന്നും വ്യത്യസ്തമാണ് . ജീവൻ കവർന്നെടുക്കാൻ കാത്തിരിക്കുന്ന കുഴിബോംബുകൾ കണ്ടെത്തി, അനവധി കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം തിരികെ നൽകിയ ഒരു യഥാർത്ഥ രക്ഷകനായിരുന്നു അവൻ. വലിപ്പത്തിൽ ചെറുതായിരുന്നെങ്കിലും, മനുഷ്യജീവിതത്തിന്റെ മൂല്യം മനസ്സിലാക്കിയ മഗാവിന്റെ സംഭാവന വളരെ വലുതായിരുന്നു.


കംബോഡിയയിലെ അനേകം പ്രദേശങ്ങൾ വർഷങ്ങളോളം യുദ്ധത്തിന്റെ ഇരുണ്ട ഓർമ്മകളായി കുഴിബോംബുകൾക്കടിയിൽ കുടുങ്ങിയിരുന്നു. കൃഷിയിടങ്ങളിലേക്കോ വഴികളിലേക്കോ സാധാരണയായി നടക്കുന്നതു പോലും മരണഭീഷണിയായിരുന്നു. അത്തരമൊരു ഭൂമിയിലൂടെയാണ് മഗാവ തന്റെ അസാധാരണ കഴിവുമായി നടന്നത്. APOPO എന്ന സംഘടനയുടെ പ്രത്യേക പരിശീലനത്തിലൂടെയാണ് ഈ സേവനജീവിതത്തിലേക്ക് മഗാവ എത്തിയത്. മണത്തെ അതിവിശദമായി തിരിച്ചറിയാനുള്ള അസാധാരണ കഴിവാണ് അവനെ ലോക ശ്രദ്ധ നേടിക്കൊടുത്തത്.


മഗാവയുടെ പ്രവർത്തനരീതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന TNT പോലുള്ള സ്ഫോടകവസ്തുക്കളുടെ ഗന്ധം മണത്തറിഞ്ഞ്, അതുണ്ടാക്കിയ ഭീഷണി മനുഷ്യർക്ക് മുമ്പേ തിരിച്ചറിയാൻ അവനു സാധിച്ചു സാധാരണ ലോഹച്ചവറുകൾക്കിടയിലും കുഴിബോംബുകളുടെ സാന്നിധ്യം കൃത്യമായി വേർതിരിച്ചറിഞ്ഞ്, സ്ഫോടനം ഉണ്ടാക്കാതെ മണ്ണിൽ മാന്തി അതിന്റെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു മഗാവയുടെ ദൗത്യം. മനുഷ്യർക്ക് മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുന്ന ജോലി, മഗാവ വളരെ കുറഞ്ഞ സമയത്തിൽ കൂടുതൽ കൃത്യതയോടെ നിർവഹിച്ചിരുന്നു.


അഞ്ച് വർഷത്തെ സേവനത്തിനിടെ 100-ലധികം കുഴിബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയതാണ് മഗാവിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഇത് ഒരു കണക്കല്ല; ഓരോ ബോംബും കണ്ടെത്തിയപ്പോഴും രക്ഷപ്പെട്ടത് ഒരു ജീവൻ, ഒരു കുടുംബം, ഒരു ഗ്രാമം, ഒരു ഭാവി തന്നെയായിരുന്നു. 225,000 ചതുരശ്ര മീറ്ററിലധികം ഭൂമി ബോംബ് വിമുക്തമാക്കാൻ മഗാവയുടെ സേവനം സഹായിച്ചു. ഒരിക്കൽ ആളുകൾ പേടിച്ച് വിട്ടുനിന്നിരുന്ന ഈ ഭൂമിയിൽ പിന്നീട് കുട്ടികൾ കളിച്ചു, കർഷകർ വിത്ത് വിതറി, കുടുംബങ്ങൾ വീണ്ടും ജീവിതം പുനർനിർമിച്ചു.


മഗാവയുടെ സേവനം ലോകം അംഗീകരിച്ചതും അതേ തീവ്രതയിലായിരുന്നു. 2020-ൽ മൃഗങ്ങളുടെ ധീരതയ്ക്കുള്ള പി.ഡി.എസ്.എ (PDSA) ഗോൾഡ് മെഡൽ ലഭിച്ച ആദ്യത്തെ എലിയായി മഗാവ ചരിത്രത്തിൽ ഇടം നേടി. സാധാരണയായി സൈനികർക്ക്, രക്ഷാപ്രവർത്തകർക്കോ അത്യപൂർവ്വ ധൈര്യം കാട്ടിയ മൃഗങ്ങൾക്കോ നൽകുന്ന ബഹുമതിയാണ് ഇത്. ആ ബഹുമതി ഒരു എലിയെ തേടിയെത്തിയത്, സേവനത്തിന്റെ മഹത്വം ശരീരവലിപ്പത്തിലോ ഇനത്തിലോ അല്ല, അതിന്റെ ഉദ്ദേശ്യത്തിലും ഫലത്തിലും ആണെന്ന് ലോകത്തെ ഓർമ്മിപ്പിച്ചു.


മഗാവയുടെ കഥ ഒരു മൃഗത്തിന്റെ കഴിവിന്റെ കഥ മാത്രമല്ല; അത് മനുഷ്യനും പ്രകൃതിയും ചേർന്ന് സൃഷ്ടിക്കുന്ന പ്രതീക്ഷയുടെ കഥ കൂടിയാണ്. പലപ്പോഴും മനുഷ്യർ അവഗണിക്കുന്ന ജീവജാലങ്ങൾ പോലും സമൂഹത്തിന് എത്ര വലിയ മാറ്റം കൊണ്ടുവരാമെന്ന് മഗാവ തെളിയിച്ചു. യുദ്ധം നശിപ്പിച്ച ഭൂമിയെ വീണ്ടും ജീവിക്കാൻ യോഗ്യമാക്കുന്ന പ്രവർത്തനത്തിൽ, ഒരു ചെറുജീവി തന്നെ ലോകത്തിന് വലിയ പാഠം പഠിപ്പിച്ചു.


ഇന്ന് മഗാവയെ കുറിച്ച് പറയുമ്പോൾ അത് ഒരു എലിയെക്കുറിച്ചുള്ള കൗതുകകഥയല്ല. അത് മനുഷ്യരാശിക്ക് മുന്നിൽ നിശ്ശബ്ദമായി നിൽക്കുന്ന ഒരു സത്യം കൂടിയാണ് — കരുണയും പരിശീലനവും ലക്ഷ്യബോധവും ചേർന്നാൽ, ഏറ്റവും ചെറിയ ജീവനും ഏറ്റവും വലിയ സേവനം ചെയ്യാൻ കഴിയും. മണ്ണിനടിയിലെ മരണത്തെ മണത്തറിഞ്ഞ് ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾക്ക് പുതിയൊരു പുലരി സമ്മാനിച്ച മഗാവ, മാനവികതയുടെ ചരിത്രത്തിൽ എന്നും തെളിഞ്ഞുനിൽക്കുന്ന മഹത്തായ നക്ഷത്രമാണ്.

Share Article