Author
Gramika Team
Published
March 6, 2026

മണിനാദം നിലച്ചിട്ട് പത്ത് വർഷം
മലയാള സിനിമയിലെ മണികിലുക്കം നിലച്ചിട്ട് പത്ത് വർഷം തികയുന്നു. സിനിമയിലെയും നാടൻപാട്ട് രംഗത്തെയും അവിസ്മരണീയമായ ശബ്ദവും ഭാവവുമായിരുന്നു കലാഭവൻ മണി. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനാണ് മണി. സാധാരണക്കാരനിൽ നിന്ന് സിനിമയുടെ ഉന്നതിയിലേക്ക് ഉയരുകയും, നായകൻ, വില്ലൻ, ഹാസ്യതാരം എന്നീ നിലകളിൽ തിളങ്ങുകയും ചെയ്ത മണി, നാടൻപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മണി, മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. കലാഭവൻ എന്ന ട്രൂപ്പിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തു വെച്ചു. അഭിനയത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും മണി ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് ഈ ചാലക്കുടിയില്‍ ഓട്ടോ ഓടിച്ച് നടന്നവനാണ് താനെന്ന്. ചാലക്കുടിയിലെ ഗ്രാമങ്ങളിലെ പാടത്തും പറമ്പത്തും തന്റെ അച്ഛന്റെ വിയര്‍പ്പുവീണിട്ടുണ്ടെന്ന്. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.