Author
Gramika Team
Published
March 12, 2026

ഫേസ്ബുക്കും വാട്‌സ്ആപ്പും ഇനി സുരക്ഷിതം; ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടിടാൻ മെറ്റ
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചർ എന്നീ പ്ലാറ്റ്‌ഫോമുകളിലെ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളുമായി മെറ്റ. മാർച്ച് 11നാണ് കമ്പനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓൺലൈൻ തട്ടിപ്പുകാർ പ്രമുഖ വ്യക്തികളെയും ബ്രാൻഡുകളെയും വ്യാജമായി അവതരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ നടപടി. പ്രമുഖരെയും ബ്രാൻഡുകളെയും അനുകരിച്ചുകൊണ്ട് നടത്തുന്ന 'സെലിബ്-ബെയ്റ്റ്' തട്ടിപ്പുകൾ തിരിച്ചറിയാൻ പുതിയ എ.ഐ സംവിധാനം സഹായിക്കും. പോസ്റ്റുകളിലെ ടെക്സ്റ്റ്, ചിത്രങ്ങൾ, സന്ദർഭം എന്നിവ വിശകലനം ചെയ്ത് വ്യാജ അക്കൗണ്ടുകളെ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മോഷ്ടിക്കുന്നതിനായി വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്ന തത്സമയം കണ്ടെത്താൻ ഈ എ.ഐ ടൂളുകൾക്ക് സാധിക്കും.