ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മരണം: ഡി.വൈ.എഫ്.ഐ ജില്ലാ മെഡിക്കല്‍ ഓഫീസ് ഉപരോധിച്ചു
Author
Gramika Team
Published
August 11, 2026

കണ്ണൂർ: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍, സ്ഥലം മാറ്റത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ മെഡിക്കല്‍ ഓഫീസ് ഉപരോധിച്ചു. ആളെക്കൊല്ലുന്ന ട്രാന്‍സ്ഫര്‍ വകുപ്പാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവരുടെ ഭീഷണിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ കുഴഞ്ഞുവീണു. അവരിപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ഫെബ്രുവരി 17ന് സ്കൂട്ടറില്‍ സഞ്ചരിക്കവേ കൈനാട്ടിയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ദീപലേഖ ചികിത്സയ്ക്ക് ശേഷം മൂന്നാഴ്ച മുമ്പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. പാനൂര്‍ നഗരസഭയിലെ മേക്കുന്ന് പി.എച്ച്.സിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് അഞ്ചുമാസം മുമ്പാണ് ചൊക്ലിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്ഥലംമാറ്റത്തിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ദീപ ലേഖയെ മട്ടന്നൂരിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. എന്നാല്‍, ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ ധരിപ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവില്‍ പിണറായിയിലേക്കാണ് മാറ്റം ലഭിച്ചതായി ദീപലേഖ പഞ്ചായത്തിലുള്ള വരോട് പറഞ്ഞിരുന്നു.ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനെത്തിയ വടകര ശ്രീസ്ഥയില്‍ ദീപ ലേഖയാണ് കുഴഞ്ഞുവീണ് മരിച്ചത്. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ചെയര്‍മാന്‍ കെ.ടി.കെ. പ്രദീപനുമായി സംസാരിച്ചുകൊണ്ടിരിക്കെ ദീപലേഖയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചൊക്ലി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വി.എം. രാഘവന്‍റെയും ഡയന പേളിന്‍റെയും മകളാണ് ദീപലേഖ. നാടകനടനും സംവിധായകനുമായ മുന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് ബാബു ശ്രീസ്ഥയാണ് ഭര്‍ത്താവ്. മകള്‍ അമ്മലു ലക്ഷ്മി.