സമാധാന നിർദ്ദേശം ട്രംപ് തള്ളിയിട്ടും നിലപാട് ആവർത്തിച്ച് ഇറാൻ
Author
Gramika Team
Published
September 28, 2026

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിനു പിന്നാലെ നിലപാട് ആവർത്തിച്ച് ഇറാൻ. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ വ്യവസ്ഥകൾ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും ഉപാധികൾ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രതികരിച്ചു. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിലാണ് ഖത്തറി മധ്യസ്ഥർ മുഖേന ഇറാൻ സമാധാന നിർദ്ദേശം മുന്നോട്ടുവെച്ചത്. ശനിയാഴ്ച മാധ്യമങ്ങളെ കണ്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിർദ്ദേശം നിരസിച്ചതായി അറിയിച്ചു. ഇറാന്റെ പരാജയവും നിരാശയുമാണ് ഇത്തരമൊരു കരാറിനായി അവരെ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ, നയതന്ത്ര ചർച്ചക്കുള്ള വാതിലുകൾ അടച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ ആഴ്ച യു.എസ് പ്രതിനിധികൾ കൂടുതൽ ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നും മറ്റൊരു അഭിമുഖത്തിൽ സൂചിപ്പിച്ചു.