ശുചിത്വ സന്ദേശവുമായി വാക്കത്തോൺ സംഘടിപ്പിച്ചു
Author
Gramika Team
Published
July 20, 2026

മട്ടന്നൂർ: ശുചിത്വ സന്ദേശവുമായി മട്ടന്നൂരിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും മട്ടന്നൂർ നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു വാക്കത്തോൺ. നഗരസഭാ വൈസ് ചെയർപേഴ്സൺ ഒ പ്രീത ഫ്ലാഗ് ഓഫ് ചെയ്തു. ജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വായാന്തോട് നിന്നാരംഭിച്ച വാക്കത്തോൺ നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ ഒ.പ്രീത ഉദ്ഘാടനം ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യൽ എക്സ്പേർട്ട് പി.അപർണ പങ്കെടുത്തവർക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ശ്രീനാഥ് അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ മജീദ്, വി.കെ. സുഗതൻ, പി അനിത, കൗൺസിലർമാരായ പി രാഘവൻ, വി എൻ മുഹമ്മദ്, പിപി ജലീൽ, നഗരസഭാ സെക്രട്ടറി പി. അനീഷ്,അഖില എന്നിവർ സംസാരിച്ചു. നാടിന്റെ സമഗ്ര ശുചിത്വവും മാലിന്യമുക്ത അന്തരീക്ഷവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വാക്കത്തോണിൽ ജനപ്രതിനിധികളും പൊതുജനങ്ങളും നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, വിദ്യാർത്ഥികൾ, നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ,വ്യാപാരി പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അണിനിരന്നു.