Local News

വെറ്റുമ്മലിലിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം

G

Author

Gramika Team

Published

August 10, 2026

വെറ്റുമ്മലിലിൽ  ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം

കതിരൂർ: വെറ്റുമ്മലിലിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. പ്രദേശത്തെ ചില വീടുകളിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ആഫ്രിക്കൻ ഒച്ചുകളെ കാണപ്പെടുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞദിവസം മുതലാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആദ്യം ഒന്നോ രണ്ടോ ഒച്ചുകളെയാണ് ശ്രദ്ധയിൽപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി വലിയ തോതിൽ ഒച്ചുകൾ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അതേസമയം, ആഫ്രിക്കൻ ഒച്ചുകളെ പ്രദേശത്തെ വീടുകളിലും കണ്ടു തുടങ്ങിയതായി പ്രദേശവാസി പി.കെ. സിദ്ദിഖ് പറഞ്ഞു. സംഭവം അറിഞ്ഞ് വാർഡ് അംഗവും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിതിഗതികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഒച്ചുകളെ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് മരുന്ന് തളിക്കുകയും ചെയ്തു. ഞായറാഴ്ച അർധരാത്രിവരെ മരുന്ന് പ്രയോഗം നടത്തിയെങ്കിലും ഒച്ചുകളുടെ സാന്നിധ്യം പൂർണമായി നിയന്ത്രിക്കാനായില്ല. ഇതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ വീണ്ടും മരുന്ന് പ്രയോഗം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാർഡ് അംഗം കെ പി സജിത്ത് പറഞ്ഞു. ഒച്ചുകളുടെ വ്യാപനം തടയാൻ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊതുപ്രവർത്തകൻ എം. വിബിൻ പറഞ്ഞു. ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Share this article