Entertainment

വിസ്മയ മോഹൻലാലിന്റെ തുടക്കത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി

G

Author

Gramika Team

Published

August 4, 2026

വിസ്മയ മോഹൻലാലിന്റെ തുടക്കത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി

വിസ്മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റചിത്രമായ തുടക്കത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ വിസ്മയയ്ക്കൊപ്പം മോഹന്‍ലാലും എത്തുന്നുണ്ട്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം എന്നതാണ് ട്രെയ്‍ലര്‍ നല്‍കുന്ന ഫീല്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം.

Share this article