വിശ്വാസ നിറവില്‍ മാഹി തിരുനാളിന് സമാപനം; ഭക്തിസാന്ദ്രമായി 18 ദിനരാത്രങ്ങള്‍. വിശുദ്ധ അമ്മത്രേസ്യയുടെ അനുഗ്രഹം തേടി ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷകണക്കിന് വിശ്വാസികള്‍
Author
news desk
Published
October 22, 2026

പൊതുവണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം ഉച്ചകഴിഞ്ഞ് ബസിലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമാപന ദിനമായ വ്യാഴാഴ്ച രാവിലെ 10.30ന് ഫാ. ഷിജോയ് ഫ്രാന്‍സിസ് മാച്ചിവീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു. തുടര്‍ന്ന് തിരുനാളിന് സമാപനം കുറിച്ചുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും അരങ്ങേറി.തിരുനാള്‍ ദിനങ്ങളില്‍ ബസിലിക്കയും പരിസര പ്രദേശങ്ങളും ജനനിബിഡമായിരുന്നു. ഭക്തജനങ്ങള്‍ക്ക് തടസ്സമില്ലാതെ വന്നെത്തുന്നതിനായി മാഹി പോലീസിന്റെ നേതൃത്വത്തില്‍ മികച്ച ഗതാഗത നിയന്ത്രണമാണ് ഒരുക്കിയിരുന്നത്. പ്രാര്‍ഥനകളും നേര്‍ച്ചകാഴ്ചകളും വിശ്വാസികളുടെ വലിയ ഒത്തുചേരലും കൊണ്ട് മാഹിയുടെ ആത്മീയാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയ 18 ദിനരാത്രങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയായത്.