വി.പി. സത്യന്റെ ഓര്‍മ്മകള്‍ക്ക് ഇരുപത് വര്‍ഷം തികയുന്നു
Author
Gramika Team
Published
July 15, 2026

ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ മായാത്ത അധ്യായമാണ് വി.പി. സത്യന്. മേക്കുന്നിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന സത്യന് ഗ്രാമീണ മൈതാനങ്ങളില്‍ പന്തുതട്ടി തുടങ്ങിയ യാത്രയാണ് പിന്നീട് ഇന്ത്യന്‍ ദേശീയ ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. പ്രതിരോധ നിരയിലെ കരുത്തും കളിക്കളത്തിലെ അര്‍പ്പണബോധവും മികച്ച നേതൃത്വപാടവവും സത്യനെ ഇന്ത്യന്‍ ഫുട്ബോളിന്റെ വിശ്വസ്തനായ ക്യാപ്റ്റനാക്കി.1983-ല്‍ സന്തോഷ് ട്രോഫിയിലൂടെ കേരള ടീമിലെത്തിയ സത്യന്,1985-ലെ ധാക്ക സാഫ് ഗെയിംസിലൂടെയാണ് ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.നെഹ്റു കപ്പ്, ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം പ്രതിരോധനിരയിലും മധ്യനിരയിലും ഒരുപോലെ മികവ് തെളിയിച്ചു. കേരള പൊലീസിനായി ശ്രദ്ധേയ പ്രകടനം നടത്തിയ സത്യന് പിന്നീട് മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്, മോഹന്‍ ബഗാന് ക്ലബ്ബുകളുടെയും ജേഴ്സിയണിഞ്ഞു. തുടര്‍ന്ന് കേരള പൊലീസിലേക്ക് മടങ്ങിയെത്തി കളിക്കാരനായും പരിശീലകനായും സേവനം അനുഷ്ഠിച്ചു. 2006 ജൂലൈ 18-ന് അദ്ദേഹം വിടപറഞ്ഞെങ്കിലും ഫുട്ബോള്‍ ലോകത്ത് വി.പി. സത്യന് എന്ന പേര് ഇന്നും ആവേശവും അഭിമാനവുമാണ്. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഫുട്ബോള്‍ മത്സരം, അനുസ്മരണ സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് ജൂലൈ 18-ന് വി.പി. സത്യന് മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്നത്. കായിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഫുട്ബോള്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. കാലം എത്ര കടന്നുപോയാലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്ന ഇതിഹാസമാണ് സത്യൻ. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ തലകുനിക്കുകയാണ് ജന്മനാടും കായികലോകവും.