Local News

വാഹനം മോഷണം: 24 മണിക്കൂറിനുള്ളിൽ പ്രതി പോലീസിന്റെ പിടിയിൽ

G

Author

Gramika Team

Published

August 8, 2026

വാഹനം മോഷണം: 24 മണിക്കൂറിനുള്ളിൽ പ്രതി പോലീസിന്റെ പിടിയിൽ

തലശ്ശേരി: വാഹന മോഷണം നടത്തിയ കേസിലെ പ്രതിയെ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ന്യൂ മാഹി പോലീസും തലശ്ശേരി എഎസ്പി സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. തലശ്ശേരി ചാലിൽ സ്വദേശിയായ എം പി മുഷ്താഖാണ് അറസ്റ്റിലായത്. ആഗസ്റ്റ് 2-ന് കോടിയേരിയിലെ ഒരു സൂപ്പർമാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന പരാതിക്കാരന്റെ വാഹനം മോഷണം പോയിരുന്നു. തുടർന്ന് ആഗസ്റ്റ് 6-നാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ ന്യൂ മാഹി പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും തലശ്ശേരി കൺട്രോൾ റൂമിലേക്കും വാഹനത്തിന്റെ വിവരങ്ങൾ കൈമാറി അന്വേഷണം ആരംഭിച്ചു. ഇതിനിടെ, തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി പരിസരത്ത് നിന്ന് ഒരു യുവതിയുടെ ഹെൽമെറ്റ് മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടിക്കപ്പെട്ട വാഹനം പ്രതിയുടെ കൈവശം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ് ധർമ്മടത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, എൻഡിപിഎസ് തുടങ്ങിയ 11 ഓളം കേസുകൾ നിലവിലുണ്ട്. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപൻ ഐപിഎസിന്റെയും ന്യൂ മാഹി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നന്ദകുമാറിന്റെയും നിർദ്ദേശപ്രകാരം എസ്.ഐ. കെ.പി.അശ്വിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രമോദ്, സിപിഒമാരായ മിഥിൻ, രജന, സായൂജ്, ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this article