ലഹരി ഉപയോഗിക്കാൻ വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്
Author
Gramika Team
Published
July 14, 2026

കണ്ണൂർ: ലഹരി ഉപയോഗിക്കാൻ ആവശ്യപ്പെട്ട 2000 രൂപ പിതാവ് കൊടുക്കത്തതിൽ പ്രകോപിതനായി വീടിന് തീയിട്ട മകൻ അറസ്‌റ്റിൽ. കണ്ണൂർ ആയിക്കരയിലെ അഭിഷേകിനെ (25) യാണ് കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പക്ടർ ഇ കെ ഷിജുവും സംഘവും അറസ്‌റ്റ് ചെയ്തത്. കണ്ണൂർ സിറ്റികോവിലകം ആയിക്കര ദണ്ഢമാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിൻ്റെ വീടിൻ്റെ കിടപ്പ് മുറിയാണ് തീപ്പിടുത്തത്തിൽ പൂർണമായും കത്തി നശിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൻ വൻ ദുരന്തമൊഴിവായി. ലഹരി ഉപയോഗിക്കാൻ നിരന്തരം പണം ആവശ്യപ്പെടുകയും ഇതു ലഭിക്കാതെ വരുമ്പോൾ പ്രകോപിതനാവുകയും ചെയ്യുന്ന മകനെ പേടിച്ചാണ് രാത്രിയിൽ താനും ഭാര്യയും വീട്ടിൽ താമസിക്കാത്തതെന്ന് പിതാവ് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കാലത്ത് കണ്ണൂരിലെ അറിയപ്പെടുന്ന സെവൻസ് ഫുട്ബോൾ കളിക്കാരനാണ് രാജേഷ്. നിരവധി ടൂർണമെൻ്റുകളിൽ കളിച്ചു ലഭിച്ച ട്രോഫികളും പുരസ്കാര പത്രങ്ങളും മെഡലുകളും ജഴ്സിയുമൊക്കെ അഗ്‌നിക്കിരയായിട്ടുണ്ട്. ഇതുകൂടാതെ വീട്ടിലെ കിടപ്പുമുറിയിലുണ്ടായിരുന്ന കിടക്ക, ഫർണിച്ചർ, ഫാൻ, വസ്‌ത്രങ്ങൾ, വയറിങ് ഉൾപ്പെടെ കത്തി നശിച്ചതായി രാജേഷ് പറഞ്ഞു . വിവരമറഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്‌നിശമന സേനാംഗങ്ങൾ തീയണച്ചു. വീട്ടിന് തീവെച്ച കാര്യം അയൽവാസികളാണ് രാജേഷിനെ അറിയിച്ചത്. ഇതേ തുടർന്നാണ് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. കണ്ണൂർ അഗ്‌നിശമന നടത്തിയ രക്ഷ പ്രവർത്തനത്തിന് എസ് ടി ഒ ജി ബി ഫിലിപ്പ്, എസ് എഫ് ആർ ഒ ശ്രീകാന്ത് പവിത്രൻ ഫയർമാൻമാരായ ടി കെ ശിവപ്രസാദ്, പി എം വൈശാഖ്, അശ്വിൻ, ഹോം ഗാർഡുമാരായ പ്രമോഷ്, നിജിൽ എന്നിവർ നേതൃത്വം നൽകി.