റോഡ് തകർന്ന് വർഷങ്ങൾ: കണ്ണടച്ച് അധികൃതർ
Author
Gramika Team
Published
July 14, 2026

കൂത്തുപറമ്പ്: റോഡ് തകർന്ന് യാത്ര ദുസ്സഹമായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും അനക്കമില്ലാതെ അധികൃതർ. പൂക്കോട് -തൃക്കണ്ണാപുരം, കാര്യാട്ട്പുറം റോഡിനാണ് ഈ അവസ്ഥ. സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ശാപമോക്ഷം കാത്തു കിടക്കുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡ് പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാവുകയാണ്. കാലവർഷം ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ കാൽനടക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ ഇരുവശത്തും ഡ്രെയിനേജുകൾ ഉണ്ടെങ്കിലും വർഷങ്ങളായി ശുചീകരണം നടത്താത്തതിനാൽ അവ മണ്ണ് നിറഞ്ഞും കാടുപിടിച്ച നിലയിലുമാണ്. മഴവെള്ളത്തിനൊപ്പം മണ്ണും ചെളിയും ഒലിച്ചെത്തി റോഡിൽ അടിഞ്ഞുകൂടിയതും വാഹനങ്ങൾ റോഡിലെ കുഴി വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്ന ഈ ദുരിതം എന്ന് അവസാനിക്കും എന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.