റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വർഷങ്ങൾ പിന്നിട്ടിട്ടും പരിഹാരമില്ല
Author
Gramika Team
Published
August 14, 2026

മാങ്ങാട്ടിടം: കുറുമ്പുക്കൽ കനാൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വർഷങ്ങൾ പിന്നിട്ടിട്ടും പരിഹാരമില്ല. കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ റോഡ് തകർന്നുകിടക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണം എന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അയ്യപ്പൻ തോടിൽ നിന്ന് മാങ്ങാട്ടിടം പഞ്ചായത്തിലേക്ക് എത്താനുള്ള പ്രധാന എളുപ്പവഴി ആണ് കുറുമ്പുക്കൽ കനാൽ റോഡ്. നിരവധി വിദ്യാർത്ഥികളും നാട്ടുകാരും ദിവസേന ആശ്രയിക്കുന്ന ഈ റോഡാണ് കാൽനട യാത്രയ്ക്ക് പോലും കഴിയാത്ത തരത്തിൽ തകർന്നുകിടക്കുന്നത്. ചെളി നിറഞ്ഞുകിടക്കുന്ന റോഡിലൂടെ കടന്ന് പോകുമ്പോൾ വീണ് പരിക്കേൽക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങൾ ഇതുവഴി വരുന്നതും പൂർണ്ണമായും നിർത്തിയിരിക്കുകയാണ്. കുറുമ്പുക്കൽ എൽ.പി. സ്കൂളിലേക്കുള്ള വിദ്യാർത്ഥികൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രിയായാൽ ദുരിതം ഇരട്ടിയാകും. റോഡിൽ ആവശ്യത്തിന് തെരുവുവിളക്കുകൾ പോലും ഇല്ലാത്തതിനാൽ ഇരുട്ടിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പ്രദേശവാസികൾക്ക് ഈ റോഡിലൂടെ അല്ലാതെ ഇവിടെ എത്തണമെങ്കിൽ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണം എന്ന് ആവശ്യം ശക്തമാണ്.