റേഷൻ കൃത്യമായി വാങ്ങാത്തവർ ശ്രദ്ധിക്കുക; ‘സൈലന്റ് റേഷൻ കാർഡുകൾ’ ഡീആക്ടിവേറ്റ് ചെയ്യും
Author
Gramika Team
Published
September 25, 2026

തിരുവനന്തപുരം: ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത റേഷൻ കാർഡുകൾ ‘സൈലന്റ് റേഷൻ കാർഡുകൾ’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപടി സ്വീകരിക്കും. ഡീആക്ടിവേറ്റ് ചെയ്യുന്ന കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തിരഞ്ഞെടുക്കണം. മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കണം. സമയപരിധിക്കുള്ളിൽ eKYC ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാത്ത കാർഡുകളും ഗുണഭോക്തൃ വിവരങ്ങളും ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. റേഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് പി.ഡി.എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.