Local News

മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് പിന്നാലെ വിദ്യാർത്ഥിയെ കാണാതായതായി പരാതി

G

Author

Gramika Team

Published

August 11, 2026

മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് പിന്നാലെ വിദ്യാർത്ഥിയെ കാണാതായതായി പരാതി

തലശ്ശേരി: ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ പിതാവ് പിടിച്ചുവെച്ചതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവ സൂര്യയെയാണ് കാണാതായത്. ശനിയാഴ്ച ഉച്ച മുതലാണ് ശിവ സൂര്യയെ കാണാതായതെന്ന് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് കാണാതായ മകനെ തേടി ഒരു കുടുംബം കഴിഞ്ഞ മൂന്ന് ദിവസമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്ന് ഗെയിം വഴി പണം നഷ്ടപ്പെട്ടിരുന്നതായി പിതാവ് പറയുന്നു. ഇതേത്തുടർന്നാണ് മൊബൈൽ ഫോൺ പിതാവ് വാങ്ങിവെച്ചത്. ഇതിന് പിന്നാലെയാണ് ശിവ സൂര്യയെ കാണാതായതെന്നാണ് കുടുംബത്തിന്റെ പരാതി. "ഞാൻ കാശിയിലേക്ക് പോകുന്നു... ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് ലയിക്കും" എന്ന തരത്തിലുള്ള കുറിപ്പ് പഠനമേശയിൽ നിന്ന് കണ്ടെത്തിയതായും കുടുംബം പറയുന്നു. ശിവ സൂര്യയെ കണ്ടെത്തുന്നതിനായി ചൊക്ലി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും അന്വേഷണത്തിൽ പങ്കാളികളാണ്. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്. ശിവസൂര്യയെ എത്രയും വേഗം കണ്ടെത്തി കുടുംബത്തിന് ആശ്വാസം പകരാൻ പൊലീസ് ഊർജിതമായി ഇടപെടണമെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Share this article