Author
Gramika Team
Published
May 8, 2026

മിഡിൽ ഈസ്റ്റ് സംഘർഷം ഏഷ്യയിലെ വികസ്വര സമ്പദ് വ്യവസ്ഥകൾക്ക് ഭീഷണിയെന്ന് ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്
കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷം ഏഷ്യയിലെയും പസഫിക്കിലെയും വികസ്വര സമ്പദ്വ്യവസ്ഥകൾക്ക് ഭീഷണിയാണെന്ന് ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്(എ.ഡി.ബി). ഊർജ സുരക്ഷ, വ്യാപാരം, പണമയയ്ക്കൽ, നിക്ഷേപ ആത്മവിശ്വാസം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവക്ക് ഇത് ഭീഷണിയാണെന്നാണ് എഡിബി മുന്നറിയിപ്പ് നൽകുന്നത്. ഏറ്റവും പുതിയ ഏഷ്യൻ ഡവലപ്പ്‌മെന്റ് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില സമ്പദ്വ്യവസ്ഥകളിലെ മൊത്തം പണമൊഴുക്കിന്റെ 40 ശതമാനത്തോളം ഗൾഫ് നിന്നാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.2026 ഫെബ്രുവരി 28 നാണ് സംഘർഷം രൂക്ഷമായിത്തുടങ്ങിയത്. ഇതിന് ശേഷം ആഗോള സാമ്പത്തിക രംഗത്ത് വമ്പൻ അനിശ്ചിതത്വമുണ്ടായിട്ടുണ്ടെന്ന് എഡിബി റിപ്പോർട്ടിൽ പറഞ്ഞു. പല സമ്പദ്വ്യവസ്ഥകളും ഇതിനകം തന്നെ പണമയയ്ക്കൽ കുറവ്, ദുർബല സാമ്പത്തിക സാഹചര്യങ്ങൾ, വ്യാപാര വളർച്ചാ മന്ദഗതി എന്നിവ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യൻ സമ്പദ്വ്യവസ്ഥകളിലേക്കുള്ള പണമയയ്ക്കലിൽ ഗൾഫ് രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.