മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് കൊടിയേറും
Author
Gramika Team
Published
October 1, 2026

തലശ്ശേരി: വടക്കെ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് കൊടിയേറുമെന്ന് റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30 ന് തിരുനാൾ കൊടിയേറും. റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കാർമ്മികത്വം വഹിക്കും.12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീoത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമാവും. തിരുനാൾ അറിയിച്ച് മാഹി നഗര സഭയിൽ നിന്ന് പ്രത്യേക സൈറൺ മുഴങ്ങും.14, 15 തീയ്യതികൾ പ്രധാനആഘോഷ ദിവസങ്ങളാണ്. രാവിലെയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും, നൊവേനയുമുണ്ടാകും. 5 ന് വൈകിട്ട് ആറ് മണിക്ക് ഫാ.ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ.ഷാജു ആൻ്റണി, ഫാ.ജോൺ വെട്ടി മലയിൽ, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി, ഫാ.ആൻറണി പാലിയത്തറ, ഫാ.ആൻറണി പയസ്, ഫാ. ഡാനി ജോസഫ്, ഫാ.ജിജു പള്ളിപ്പറമ്പിൽ, ഫാ.മദലൈ മുത്തു, ഫാ.വാൾട്ടർ ഡിസൂസ, ഫാ.മനോജ് എസ് ദാസ് ,ഫാ.സി ജോ ജോസഫ്, ഫാ.ഷെബിൻ ജോർജ്, ഫാ.ഷിജോയ് ഫ്രാൻസിസ് മാച്ചി വീട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കും.