മാഹി പുന്നോൽ ദേശീയപാതയിലെ പെട്ടിപ്പാലത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
Author
Gramika Team
Published
August 17, 2026

തലശ്ശേരി: മാഹി പുന്നോൽ ദേശീയപാതയിലെ പെട്ടിപ്പാലത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. പാലത്തിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത് എന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആരോപണം. പരസ്യ ബോർഡുകൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പാലത്തിലെ ബോർഡുകൾ കാരണം എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കൃത്യമായി കാണാൻ കഴിയാത്തതും വാഹനങ്ങളുടെ വേഗത മനസ്സിലാക്കാൻ സാധിക്കാത്തതുമാണ് അപകടസാധ്യത വർധിപ്പിക്കുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്. വീതി കുറഞ്ഞ പാലവും റോഡും, അതിനോടൊപ്പം തന്നെ ചെറിയ വളവും ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ പാലത്തിന് സമീപത്തെ കുറ്റിക്കാടുകൾ യഥാസമയം വെട്ടിത്തെളിക്കാത്തതും വാഹനയാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തലശേരി നഗരസഭയെയും ന്യൂ മാഹി പഞ്ചായത്തിനെയും വേർതിരിക്കുന്ന അതിർത്തിയാണിത്. കഴിഞ്ഞ ദിവസം പെട്ടിപ്പാലത്തുണ്ടായ ബസ് അപകടത്തിൽ എഴുപതോളം യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഇവിടെയുള്ള പരസ്യ ബോർഡുകൾ ആണ് അപകടത്തിന് കാരണമാകുന്നതെന്ന് ബസ് ഡ്രൈവർ പ്രശാന്ത് പറഞ്ഞു. റോഡിന്റെയും പാലത്തിന്റെയും വീതി കുറവ് അപകടത്തിന് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.