മാഹി പള്ളിയില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള ഊരിയെടുത്ത കോട്ടയം സ്വദേശി പിടിയില്‍
Author
NEWS DESK
Published
October 12, 2026

മാഹി: തീർത്ഥാടന കേന്ദ്രമായ മാഹി പള്ളിയില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള കവർന്ന കോട്ടയം സ്വദേശി അറസ്റ്റിൽ. മാഹിയിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷിഹാബിനെയാണ് മാഹി പോലീസ് പിടികൂടിയത്. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് അഭിരാമും കുടുംബവും മാഹി പള്ളിയില്‍ ദർശനത്തിനായി എത്തിയത്. രാത്രി ഒമ്പതേമുക്കാലോടെ പള്ളിയില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ തിരക്കിനിടയില്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കുട്ടിയുടെ കൈയിലെ സ്വര്‍ണവള ആരോ ഊരിയെടുത്തതായി കുട്ടി അമ്മയോട് പറയുന്നത്.ഉടൻ തന്നെ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ കൂടെയുണ്ടായിരുന്ന ബന്ധു നേരത്തെ എടുത്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ചപ്പോള്‍ ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ കുട്ടിയുടെ തൊട്ടടുത്ത് നിന്നു പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് പള്ളി ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയുടെ വള ഊരിയെടുത്ത് കടന്നുകളയുന്നത് വ്യക്തമായത്. വിവരമറിഞ്ഞയുടൻ മാഹി പോലീസ് സ്ഥലത്തെത്തി ഊർജിതമായ അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള പരിശോധനയിലാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ ഒളിച്ചിരിക്കുകയായിരുന്ന ഷിഹാബിനെ പോലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും നഷ്ടപ്പെട്ട സ്വര്‍ണവളയും കണ്ടെടുത്തു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.