Local News

മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ മട്ടന്നൂർ പോലീസ് പിടികൂടി

G

Author

Gramika Team

Published

July 14, 2026

മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ മട്ടന്നൂർ പോലീസ് പിടികൂടി

മട്ടന്നൂർ: മാല പൊട്ടിക്കാൻ ശ്രമിച്ച കുറ്റവാളികളെ മട്ടന്നൂർ പോലീസ് പിടികൂടി.സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി വി അനസ്, കൊയിലാണ്ടി സ്വദേശി എസ് എസ് സൂര്യൻ എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം . മട്ടന്നൂർ ഏളക്കുഴിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ വ്യാജമായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇതിൽ ഒന്നാം പ്രതിയായ പി വി അനസിന് പട്ടാമ്പി, നെയ്യാറ്റിൻകര, നറുവമോട്, മന്ദൻചേരി, കുത്തിയതോട്, കായംകുളം, കൊടുങ്ങല്ലൂർ, മണ്ണാഞ്ചേരി എന്നീ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സൂര്യൻ ചോമ്പാല, വെള്ളയിൽ, ചങ്ങരംകുളം എന്നീ സ്റ്റേഷനുകളിലായി മൂന്നോളം കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയി‌ലിൽ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സിബിടോം, പോലീസ് ഇൻസ്പെക്ടർ കെ ആർ ബിജു എന്നിവരുടെ മേൽനോട്ടത്തിൽ, സബ് ഇൻസ്പെക്ടർമാരായ കെ പി മുഹമ്മദ് ഫൈറൂസ്, വി കെ പ്രകാശൻ , മിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപേഷ്, സുധീഷ്, വിജേഷ്, പ്രജീഷ്, ജോഷിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റിജിൽ, വിജിൽ മോൻ, അനീസ്, ഷമീർ, സരിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്

Share this article