മദ്യപിച്ച് വാഹനമോടിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്ത യുവാവ് പോലീസിന്റെ പിടിയിൽ
Author
Gramika Team
Published
July 22, 2026

ചക്കരക്കൽ: മദ്യപിച്ച് വാഹനമോടിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്ത യുവാവ് ചക്കരക്കൽ പോലീസിന്റെ പിടിയിൽ. മുഴപ്പാല ചിറക്കാത്ത് സ്വദേശി ഷമിൽ പൂക്കണ്ടിയാണ് അറസ്റ്റിലായത്. ഇയാളുടെ അക്രമത്തിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 5:15-ഓടെ മുഴപ്പാല കൂറേന്റെ പീടികയിൽ വച്ചായിരുന്നു സംഭവം. ചക്കരക്കൽ സ്റ്റേഷനിലെ എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരു കേസിന്റെ അന്വേഷണത്തിനായി പോയി തിരിച്ച് സ്റ്റേഷനിലേക്ക് വരികയായിരുന്നു. ഇതിനിടെ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു വരികയായിരുന്ന ഷമിലിനെ പോലീസ് കൈകാണിച്ച് നിർത്തിച്ചു. തുടർ ന്ന് ഇയാൾ പ്രകോപിതനായി പോലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇയാളുടെ അക്രമത്തി ൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിതിന് പരിക്കേൽക്കുകയും ഇരിവേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടുകയും ചെയ്തു. എസ്.ഐ.ക്കും മർദ്ദനമേറ്റു. വിവരമറിഞ്ഞ് എസ്.ഐ. പി.വി. മഹേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി ഷമിലിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി വ്യക്തമായതായി പോലീസ് പറഞ്ഞു. പോലീസിനെ ആക്രമിക്കൽ, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.