മട്ടന്നൂരിൽ ശുചിത്വമതിൽ തീർത്തു; 'സ്വച്ഛതാ ഹി സേവ', 'നിർമ്മലം ശുചിത്വ കേരളം' ക്യാമ്പയിനുകൾക്ക് ആവേശകരമായ തുടക്കം
Author
nwes desk
Published
October 13, 2026

മട്ടന്നൂർ: 'സ്വച്ഛതാ ഹി സേവ', 'നിർമ്മലം ശുചിത്വ കേരളം' കാമ്പെയ്നുകളുടെ ഭാഗമായി മട്ടന്നൂരിൽ വൻ ജനപങ്കാളിത്തത്തോടെ ശുചിത്വമതിൽ തീർത്തു. നാടൊന്നാകെ അണിനിരന്ന ഈ കൂട്ടായ്മ ശുചിത്വ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാതൃകാപരമായ ചുവടുവെപ്പായി മാറി. ശിവപുരം ജംഗ്ഷൻ മുതൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ വരെയുള്ള 700 മീറ്ററോളം വരുന്ന ദൂരത്തിലാണ് ശുചിത്വമതിൽ തീർത്തത്.സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മൂവായിരത്തിലധികം പേർ കൈകോർത്ത് മനുഷ്യമതിലിന്റെ ഭാഗമായി.വിദ്യാർത്ഥികൾ, അധ്യാപകർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അങ്കണവാടി-ആശാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ഇതിൽ പങ്കാളികളായി. മനുഷ്യമതിലിന് ശേഷം ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ശുചിത്വ പ്രതിജ്ഞയെടുത്തു . ശുചിത്വമതിലിനെ തുടർന്ന് നടന്ന പൊതുസമ്മേളനം മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. കെ.ടി. ചന്ദ്രൻ, കെ. ഭാസ്‌ക്കരൻ, കെ.വി. ജയചന്ദ്രൻ, റഫീഖ് ബാവോട്ടുപാറ, സജു കിളിയങ്ങാട്, കെ.പി. രമേശൻ, വി. രാമദാസ്, താജുദ്ദീൻ മട്ടന്നൂർ, മണാട്ട് കുമാരൻ, അണിയേരി അച്യുതൻ, മുസ്തഫ ദാവാരി, പി.എൻ. അനീഷ്, ഷൈൻ പി. ജോസ് തുടങ്ങിയവർ സംസാരിച്ചു. മാലിന്യ സംസ്കരണത്തിനും ശുചിത്വ പരിപാലനത്തിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വലിയൊരു സന്ദേശമാണ് മട്ടന്നൂരിൽ തീർത്ത ഈ ശുചിത്വമതിൽ നൽകിയത്.