Local News

മട്ടന്നൂരിലെ പോലീസ് സ്റ്റേഷന്‍ വിഭജനം എങ്ങുമെത്തിയില്ല

G

Author

Gramika Team

Published

July 18, 2026

മട്ടന്നൂരിലെ പോലീസ് സ്റ്റേഷന്‍ വിഭജനം എങ്ങുമെത്തിയില്ല

മട്ടന്നൂര്‍: ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനാണ് മട്ടന്നൂരിലേത്.6 വില്ലേജുകളിലായി മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍,കൂടാളി പഞ്ചായത്തുകള്‍, ഇരിട്ടി നഗരസഭയിലെ 18 വാര്‍ഡുകള്‍ എന്നിവയടങ്ങുന്നതാണ് മട്ടന്നൂര്‍ സ്റ്റേഷന്‍റെ പരിധി. ഇതിന് അനുസരിച്ച ആള്‍ബലം ഇല്ലാത്തതും ജോലി ഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷന്‍ വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നത് . ഏറെ കോളിളക്കം സൃഷ്ടിച്ച ശുഹൈബ് കൊലക്കേസ് ഉള്‍പ്പെടെ ഉള്ള കൊലപാതകങ്ങളും പത്തൊന്‍പതാംമൈലില്‍ ഇതര സംസ്ഥാനക്കാരായ അച്ഛന്‍റെയും മകന്‍റെയും ജീവനെടുത്തതുള്‍പ്പെടെയുള്ള സ്പോടക വസ്തുക്കളുടെ കേസുകളും ആയുധം പിടികൂടിയതും രാഷ്ട്രീയ സംഘര്‍ഷങ്ങളും തുടങ്ങി ഒട്ടുമിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷന്‍ കൂടിയാണ് മട്ടന്നൂര്‍. സ്റ്റേഷനില്‍ കൂടുതല്‍ നിയമനങ്ങള്‍ വേണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വകുപ്പുതല നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര നിയമനങ്ങളുണ്ടായിട്ടില്ല. 63 സ്കൂളുകള്‍, 2കോളേജുകള്‍, 12 ഹോസ്പിറ്റലുകള്‍,കൂടാതെ പ്രധാന അമ്പലങ്ങളും മോസ്ക്കുകളും ചര്‍ച്ചുകളും ഉള്‍പ്പെടെ 40 ഓളം ആരാധനാലയങ്ങളുമുണ്ട് . അടുത്ത കാലത്തായി കോളേജുകളിലെ സംഘര്‍ഷങ്ങള്‍ തെരുവുകളിലേക്ക് നീങ്ങുന്ന കാഴ്ചയും മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കാണാറുണ്ട്. അതിനിടെ വിമാനത്താവളം കൂടെ വന്നതോടെ ജോലി കുറച്ചു കൂടി വര്‍ധിച്ചു. വിമാനത്താവള സ്റ്റേഷന്‍ ഉണ്ടെങ്കിലും വി ഐ പി യാത്രകളില്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂടി സുരക്ഷ ഒരുക്കേണ്ട ചുമതലയുണ്ട്. കൂടാതെ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വാഹനത്തിരക്കും ക്രമാതീതമായി വര്‍ധിച്ചു.നഗരത്തില്‍ രാവിലെയും വൈകുന്നേരവും ഉണ്ടാകുന്ന ഗതാഗത കുരുക്കഴിക്കാനും പ്രധാന സ്കൂളുകള്‍ക്ക് സമീപം വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായും പോലീസ് വേണം. അങ്ങനെ എടുത്താല്‍ തീരാത്ത അത്ര ജോലി ഭാരം ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ക്കുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പോലീസ് സ്റ്റേഷന്‍ വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ചാവശ്ശേരി വില്ലേജില്‍ ഉള്‍പ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാര്‍ഡുകളും എയര്‍പോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ ഭാഗങ്ങളും ചേര്‍ത്ത് സ്റ്റേഷന്‍ വിഭജനം നടത്തണമെന്ന നിര്‍ദ്ദേശമാണ് ആഭ്യന്തര വകുപ്പിന്‍റെ പരിഗണനയിലുണ്ടായിരുന്നത്.ഇതിനായി ചാവശേരിയില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാമെന്നായിരുന്നു നിര്‍ദേശം. ചാവശ്ശേരിയില്‍ പോലീസ് സ്റ്റേഷന് പറ്റിയ കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ഏതാനും കെട്ടിടങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ആദ്യം താല്‍ക്കാലിക കെട്ടിടത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം പിന്നീട് സ്വന്തം കെട്ടിടം നിര്‍മിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ലക്ഷ്യം.

Share this article