ബി.എം.എസ് പ്രവർത്തകൻ വിനയൻ വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും തടവും രണ്ട് ലക്ഷം രൂപ പിഴയും
Author
NEWS DESK
Published
October 12, 2026

തലശ്ശേരി: പാനൂർ ചമ്പാട് പന്ന്യന്നൂരിൽ ബി.എം.എസ് പ്രവർത്തകനായ വടക്കോളിയിൽ വി.സി. വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സി.പി.എം പ്രവർത്തകൻ ജമ്മീന്റവിട ബിജുവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 2009 മാർച്ച് 12-ന് വൈകീട്ട് 6.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്ന്യന്നൂർ അയാക്കൂലിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിനയനെ രാഷ്ട്രീയ വിരോധം കാരണം അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണവേളയിൽ തെളിവുകളുടെ അഭാവത്തിൽ 2 മുതൽ 8 വരെയുള്ള മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഉൾപ്പെടെയുള്ളവരെയാണ് കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷും, കൊല്ലപ്പെട്ട വിനയന്റെ ഭാര്യ പ്രീതയ്ക്കായി അഡ്വ. പി. പ്രേമരാജനും കോടതിയിൽ ഹാജരായി.