ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാവുന്നു.
Author
Gramika Team
Published
July 17, 2026

കൂത്തുപറമ്പ്: ബസ് സ്റ്റാൻഡിലെ വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാവുന്നു. നഗരസഭാ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടായില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ചയിലധികമായി ഈ കെട്ടിടത്തിലെയും സമീപത്തെയും വ്യാപാരികളും ഇവിടെ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. രൂക്ഷമായ ദുർഗന്ധം കാരണം ഈ ഭാഗത്തെ കടകളിലിരുന്ന് കച്ചവടം നടത്താനോ യാത്രക്കാർക്ക് ഇവിടെ നിൽക്കാനോ പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്നം കാരണം ആളുകൾ ഈ ഭാഗത്തേക്ക് വരാൻ മടിക്കുന്നത് കച്ചവടത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. നഗരസഭാ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്കുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് വ്യാപാരികൾ. അടിയന്തരമായി പ്രശ്നം പരിഹരിച്ച് വ്യാപാരികൾക്ക് സുഗമമായി കച്ചവടം നടത്താനും യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനുമുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.