Local News

ബസ് യാത്രയ്ക്കിടെ വയോധികയ്ക്ക് നെഞ്ചുവേദന; ആംബുലൻസായി സ്വകാര്യ ബസ്

G

Author

Gramika Team

Published

July 23, 2026

ബസ് യാത്രയ്ക്കിടെ വയോധികയ്ക്ക് നെഞ്ചുവേദന; ആംബുലൻസായി സ്വകാര്യ ബസ്

പേരാവൂർ: ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട വയോധികയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി. മാലൂർ സ്വദേശിനി ദേവിയെയാണ് പേരാവൂർ–തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന യാസീൻ ബസിലെ ജീവനക്കാർ നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിച്ചത്. ശിവപുരം കഴിഞ്ഞ ഉടൻ ദേവിക്ക് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ബസിനുള്ളിൽ കുഴഞ്ഞുവീഴുകയും ചെയ്തു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഡ്രൈവർ സ്റ്റോപ്പുകളിലൊന്നും നിർത്താതെ ബസ് നേരിട്ട് ഉരുവച്ചാലിലെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. അടിയന്തര സാഹചര്യം മനസ്സിലാക്കിയ യാത്രക്കാരും പൂർണ സഹകരണം നൽകി. ഇറങ്ങേണ്ട സ്റ്റോപ്പുകൾ എത്തിയിട്ടും ആരും ബസ് നിർത്താൻ ആവശ്യപ്പെടാതിരുന്നതോടെ വൈകാതെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു. ഡ്രൈവർ രതീഷ് കോട്ടായി, കണ്ടക്ടർ ജസീൽ, ക്ലീനർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ദേവിയെ തുടർ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോയ ശേഷമാണ് ബസ് വീണ്ടും സർവീസ് പുനരാരംഭിച്ചത്

Share this article