Local News

പുതിയ ഡ്രൈവിങ് ടെസ്റ്റ് സര്‍ക്കുലര്‍ ഒരു മാസമായിട്ടും നടപ്പിലായില്ല

G

Author

Gramika Team

Published

August 21, 2026

പുതിയ ഡ്രൈവിങ് ടെസ്റ്റ് സര്‍ക്കുലര്‍ ഒരു മാസമായിട്ടും നടപ്പിലായില്ല

തിരുവനന്തപുരം: അപേക്ഷകരുടെ കാത്തിരിപ്പ് ഒഴിവാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് സര്‍ക്കുലര്‍ ഒരു മാസമായിട്ടും പൂര്‍ണമായി നടപ്പിലായില്ല. സ്ലോട്ട് കിട്ടാനായി അപേക്ഷകര്‍ക്ക് ഇപ്പോഴും മാസങ്ങളുടെ കാത്തിരിപ്പാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുയര്‍ത്തുകയാണ് അപേക്ഷകരും ഡ്രൈവിങ് സ്കൂള്‍ ഉടമകളും. ഡ്രൈവിങ്, ലേണേഴ്സ് ടെസ്റ്റ് അപേക്ഷകള്‍ കുന്നുകൂടി തുടങ്ങിയപ്പോഴാണ് ജൂലൈ 26ന് ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം ഗതാഗത കമ്മീഷണര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഡ്രൈവിങ് സ്ലോട്ട് എണ്ണം 50 ആയി ഉയര്‍ത്തി. ബുക്കിംഗ് തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭ്യമാകും. റീ ടെസ്റ്റിന് 8 ദിവസത്തിനുള്ളില്‍ സ്ലോട്ട് അനുവദിക്കണം. ലേണേഴ്സ് ടെസ്റ്റിന് 3 ദിവസത്തിനുള്ളില്‍ സ്ലോട്ട് അനുവദിക്കണം. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇതാണെങ്കിലും ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് രണ്ടും മൂന്നും മാസം കഴിഞ്ഞുള്ള തീയതിയിലാണ് സ്ലോട്ട് കിട്ടുന്നത്.

Share this article