Local News

പാനൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ

N

Author

news desk

Published

October 13, 2026

പാനൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ

പാനൂർ: കണ്ണൂർ പാനൂരിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കൽ മുണ്ടേരി, കോട്ടയം മലബാർ സ്വദേശികളായ യുവാക്കളാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് 3.955 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുണ്ടേരി സ്വദേശികളായ ഇ.കെ. അർഷാദ്, വി. ഹഫീസുദ്ദീൻ, കോട്ടയം മലബാർ സ്വദേശി പി.ആർ. മുഹമ്മദ് സനദ് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് ഊർജിതമാക്കിയിരിക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. പാനൂർ പോലീസും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കൂത്തുപറമ്പ് എ.എസ്.പി. ശിവം, പാനൂർ സി.ഐ. കെ. സന്തോഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പാനൂർ എസ്.ഐ. വി.പി. മുഹമ്മദ് ഷജീറിന്റെ നേതൃത്വത്തിൽ എസ്.ഐ. മരിയ പ്രിൻസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബീഷ്, സിവിൽ പോലീസ് ഓഫീസർ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും, ഇവർക്ക് ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Share this article