പവർഫുൾ ആക്ഷൻ, ഹീസ്റ്റ് ത്രില്ലറിൽ 'ഐ നോബഡി'
Author
Gramika Team
Published
July 14, 2026

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ഐ നോബഡി. റോബിൻഹുഡിനും സപ്തമശ്രീ തസ്കരയ്ക്കും ശേഷം മറ്റൊരു പൃഥ്വി ഹീസ്റ്റ് ത്രില്ലർ പ്രതീക്ഷിച്ചു ചെന്നാൽ അതിലും വലുത് കരുതി വച്ചിട്ടുണ്ട് സിനിമ. തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം. ബാങ്ക് കവർച്ചയ്ക്ക് സാക്ഷിയായ രാജീവനെ പണവുമായി കടന്നുകളയുന്നതിനിടയിൽ കവർച്ചക്കാർ ബന്ധിയാക്കി കൊണ്ടുപോവുകയാണ്. എന്നാൽ ആ സംഭവത്തോടെ അയാളുടെ ജീവിതം കീഴ്മേൽ മറിയുന്നു. കൊള്ളയ്ക്ക് പിന്നിൽ രാജീവനുമുണ്ടോ എന്ന സംശയങ്ങൾക്ക് പിന്നാലെ അയാൾ സമൂഹത്തിനു മുന്നിൽ ക്രൂശിക്കപ്പെടുകയാണ്. ഒരു സാധാരണക്കാരനെ സിസ്റ്റം 'നോബഡി' എന്ന പരിഗണന മാത്രം നൽകി അവഗണിക്കുമ്പോൾ അയാൾ നടത്തുന്ന പ്രതിരോധമായി ഒറ്റവാചകത്തിൽ ചിത്രത്തെ കാണാം.