പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗി മരിച്ചു
Author
Gramika Team
Published
October 7, 2026

കണ്ണൂർ: പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഹൃദയ വാൽവ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു ഫാത്തിമ. ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. നടന്നു വന്ന് ആശുപത്രിയിൽ പ്രവേശിച്ച രോഗിക്ക് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണത്തിന് കാരണം സർജറിയിലുണ്ടായ ചികിത്സാ പിഴവാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ഫാത്തിമയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയ നടക്കുന്ന സമയത്തോ അതിനുശേഷമോ രോഗിയുടെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളോട് സംസാരിക്കാനോ വിവരങ്ങൾ കൈമാറാനോ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് രാത്രി വൈകി 9 മണിക്കും 10 മണിക്കും ശേഷമാണ് രോഗി മരണപ്പെട്ട വിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി ജീവനക്കാർ ബന്ധുക്കളോട് വ്യക്തമാക്കിയെങ്കിലും അവർ ഈ വാദം തള്ളി. കൃത്യമായ സമയത്ത് വിവരങ്ങൾ നൽകാതിരുന്നതിലും ചികിത്സാ പിഴവിലും പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ വലിയ പ്രതിഷേധത്തിലാണ്. അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ ഫാത്തിമയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളേജിൽ മുൻപും സൗകര്യക്കുറവും മരുന്നില്ലായ്മയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രോഗികളിൽ നിന്ന് സമാനമായ പരാതികൾ ഉയർന്നിരുന്നു.