Local News

നീറ്റില്‍ പാര്‍ലമെൻ്റില്‍ ചര്‍ച്ചക്ക് തയ്യാര്‍

G

Author

Gramika Team

Published

July 22, 2026

നീറ്റില്‍ പാര്‍ലമെൻ്റില്‍ ചര്‍ച്ചക്ക് തയ്യാര്‍

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സമരം ശക്തമായി തുടരവേ, നീറ്റില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം കനത്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്ന് രണ്ടുമണി വരെ നിര്‍ത്തിവെച്ചു. സിജെപി സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ ഇതിന് തയാറാകാതായതോടെ പ്രതിപക്ഷം വ്യാപക പ്രതിഷേധമുയര്‍ത്തി. നീറ്റ് ക്രമക്കേടില്‍ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണാവശ്യമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ലാത്തിച്ചാര്‍ജില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭാകവാടത്തിന്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.അതേസമയം, സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സിജെപി തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സിജെപി. പിന്തുണയുമായി ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമര വേദിയിലെത്തി. പാര്‍ലമെന്റ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്തവരെ ഡല്‍ഹി പൊലീസ് വിട്ടയച്ചതായി സിജെപി അറിയിച്ചു.

Share this article