Local News

നിർദ്ദിഷ്ട കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് നിർമ്മാണ നടപടികൾക്ക് വേഗം വെക്കുന്നു.

N

Author

news desk

Published

October 14, 2026

 നിർദ്ദിഷ്ട കൂത്തുപറമ്പ്  ബസ് സ്റ്റാൻഡ് നിർമ്മാണ നടപടികൾക്ക് വേഗം വെക്കുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍ദ്ദിഷ്ട കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് വേഗം വെക്കുന്നു.. പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള ഊര്‍ജ്ജിത നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ചതായും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ വി.ഷിജിത്ത് ഗ്രാമിക ന്യൂസിനോട് പറഞ്ഞു. പരിമിതികള്‍ നിരവധിയുള്ളതും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചതുമായ നിലവിലെ ബസ് സ്റ്റാന്റിന് പകരം പുതിയത് നിര്‍മ്മിക്കണമെന്നത് കൂത്തുപറമ്പുകാരുടെ ദീര്‍ഘകാല ആവശ്യമാണ്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. പദ്ധതിക്കായി പാറാലില്‍ 11 ഏക്കറോളം സ്ഥലം നഗരസഭ ഏറ്റെടുത്തിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഈ സ്തംഭനാവസ്ഥയ്ക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ഏകദേശം 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. മുന്‍പ് സംസ്ഥാന ബജറ്റില്‍ പദ്ധതി ഇടം നേടിയിരുന്നെങ്കിലും ആവശ്യമായ തുക അനുവദിച്ചിരുന്നില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് കേന്ദ്ര പദ്ധതികളുടെ വിഹിതംനഗരസഭയുടെ സ്വന്തം നിലയ്ക്കുള്ള വായ്പ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നേരത്തെ സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ പദ്ധതി രേഖ ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.ആദ്യഘട്ടത്തില്‍ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്‌സും ബസ് സ്റ്റാന്റിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി 35 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്‌സുമാണ് പണിയുക.തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വിപുലമായ പാര്‍ക്കിംഗ് ഏരിയ, ഈവനിംഗ് പാര്‍ക്ക്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് , മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ ബസ് സ്റ്റാന്റിനോടനുബന്ധിച്ച് ഒരുക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ തനതായ ഒരു വികസന മാതൃകയായി കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാന്‍ഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this article