നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും
Author
Gramika Team
Published
July 17, 2026

തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22.36 കോടി രൂപ ചെലവിൽ നവീകരണം നടത്തിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് ഉച്ചക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഓൺലൈനായാണ് ഉദ്ഘാടനം. തലശ്ശേരി ഉൾപ്പെടെ സംസ്ഥാനത്തെ നവീകരിച്ച ആറ് റെയിൽവേ സ്റ്റേഷനുകളാണ് ഇതോടൊപ്പം നാടിന് സമർപ്പിക്കുന്നത്. ഷൊർണൂർ-മംഗളൂരു മെയിൻ ലൈനിലെ പ്രധാനപ്പെട്ട എൻ എസ്.ജി-3 കാറ്റഗറിയിൽപ്പെട്ട തലശ്ശേരി സ്റ്റേഷന്റെ വികസനം മലയോരങ്ങളിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാവും. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷൻ വഴി ദിവസേന 68 മുതൽ 70 വരെ ട്രെയിനുകളാണ് ഇതുവഴി നിലവിൽ കടന്നുപോകുന്നത്. കേക്ക്, സർക്കസ്, ക്രിക്കറ്റ് എന്നീ മൂന്ന് ‘സി’ കളുടെ നഗരമെന്ന് ഖ്യാതിയുള്ള തലശ്ശേരിയുടെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. മലബാർ പാചകരീതി, തെയ്യം കലാസൃഷ്ടികൾ, തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയായ ഈ സ്റ്റേഷന്റെ മുഖച്ഛായ മലബാറിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഡിസൈനൊപ്പം യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റിയെടുത്തത്.