നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Author
Gramika Team
Published
August 14, 2026

തലശ്ശേരി: തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽ നിന്നും തിരിച്ചെത്തിയത്. അഞ്ചു വർഷമായി അലീന താമസിച്ചിരുന്ന ടെമ്പിൾഗേറ്റിലെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുറിയിൽ നിന്ന് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് വിളിച്ചു നോക്കുകയായിരുന്നു. വാതിൽ തുറക്കാതിരുന്നതോടെ സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലബാർ ക്യാൻസർ സെന്ററിൽ നിന്നും പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യാകുറിപ്പ് മുറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.