തലശേരി- വടകര റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്
Author
Gramika Team
Published
July 14, 2026

തലശേരി: ജോലിക്കിടെ കണ്ടക്ടറെ ബസ്സിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി, ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ച് ബസ്സ് തൊഴിലാളികൾ സമരം ആരംഭിച്ചു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി തലശ്ശേരി, വടകര റൂട്ടിലോടുന്ന മുഴുവൻ സ്വകാര്യ ബസ്സുകളിലെയും തൊഴിലാളികൾ ഇന്ന് ജോലിക്കെത്തിയില്ല. ഇതോടെ തലശ്ശേരി, വടകര റൂട്ടിലും വടകര താലൂക്കിലാകെയും സ്വകാര്യ ബസ്സോട്ടം നിലച്ചു. ഇക്കഴിഞ്ഞ 10 ന് വെള്ളിയാഴ്ച വൈകിട്ടാണ് തലശ്ശേരി, വടകര റൂട്ടിലോടുന്ന ബസ് ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം തടഞ്ഞുവച്ച് കണ്ടക്ടറെ ബസിൽ നിന്നും വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചത്. അടിയും ചവിട്ടു മേറ്റ് വാരിയെല്ല് പൊട്ടിയും ദേഹമാസകലം ചതഞ്ഞും ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലാണുള്ളത്.വിദ്യാർത്ഥികൾ നേരത്തെ കയറി സീറ്റിലിരിക്കുന്നതിനെ പറ്റി ചോദിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥികളല്ലാത്ത ചിലർ ഇടപെട്ട് കണ്ടക്ടറെ തല്ലിച്ചതച്ചത്. ബസ്സിൽ സി.സി.ടി.വി. ക്യാമറയുള്ളതിനാൽ കണ്ടക്ടറെ പുറത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവം മൊബൈലിൽ പകർത്തിയ യുവാവിനെയും പ്രതികൾ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ഇത്രയും ക്രൂരമായ രീതിയിൽ നടന്ന അക്രമ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നിസ്സംഗത പുലർത്തുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്. ബസ്ഉടമകളും തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്ക് സമരം നടത്തുന്നത് .