തലശേരി ചാലിൽ മട്ടാമ്പ്രം വളപ്പിൽ പകർച്ചവ്യാധി ഭീഷണി; പൊതു കിണർ മലിനമായതിൽ പ്രതിഷേധം ശക്തം
Author
news desk
Published
October 14, 2026

തലശേരി ചാലിൽ മട്ടാമ്പ്രം വളപ്പിൽ ഓവുചാലിലെ മലിനജലം കലർന്ന് പൊതു കിണറിലെ വെള്ളം പൂർണ്ണമായി മലിനമായി.പരിസരമാകെ കടുത്ത ദുർഗ്ഗന്ധം വമിക്കുകയാണ് പ്രദേശവാസികൾ കടുത്ത പകർച്ചവ്യാധി ഭീഷണിയിലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി കുടുംബങ്ങൾ കുടിക്കുന്നതിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി ആശ്രയിച്ചുവരുന്ന മട്ടാമ്പ്രത്തെ പ്രധാന പൊതു കിണറാണ് ഇപ്പോൾ തീർത്തും ഉപയോഗശൂന്യമായിരിക്കുന്നത്. പതിനഞ്ചോളം വരുന്ന വീട്ടുകാർ വർഷങ്ങളായി ആശ്രയിക്കുന്ന ഈ കിണറാണ് ഗുരുതരമായ മലിനീകരണ ഭീഷണി നേരിടുന്നത്. പൊതു കിണറിന് സമീപത്തുകൂടി ഒഴുകുന്ന ഓവുചാലിലെ മലിനജലം കിണറിലേക്ക് ചോർന്നിറങ്ങിയതാണ് വെള്ളം മലിനമാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കിണറിന് സമീപത്തെ വീടുകളിലെ കുഴൽക്കിണറുകളിലെ വെള്ളവും മലിനമാകുന്നുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പ്രദേശം സന്ദർശിച്ചു. വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അടിയന്തിര പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പ്രശ്നത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സാഹിർ പാലക്കലും പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.