Local News

തകർന്ന പഴശ്ശി കനാൽ പുനർനിർമ്മിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

G

Author

Gramika Team

Published

August 14, 2026

തകർന്ന പഴശ്ശി കനാൽ പുനർനിർമ്മിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

മട്ടന്നൂർ: ടണൽ തകർച്ചയെ തുടർന്ന് രണ്ടായി വേർപ്പെട്ട പഴശ്ശി കനാലും ടണലും നെടുകെ പിളർന്ന റോഡും പുനർ നിർമ്മിക്കാൻ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസമാണ് പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ ഭാഗമായ അണ്ടർ ടണൽ തകർന്നതിനെ തുടർന്ന് തെളുപ്പ് തേക്കിൻകാട് കനാൽ രണ്ടായി വേർപ്പെട്ടത്. ഇതിനെ തുടർന്ന് എട്ടോളം വീടുകൾ വെള്ളത്തിനടിയിൽ ആവുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഗതാഗതം പൂർണമായി നിൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് എത്തിയ മട്ടന്നൂർ മണ്ഡലം എംഎൽഎ വി കെ സനോജ് വിഷയത്തിന്റെ ഗൗരവം അപ്പോൾ തന്നെ ജലസേചന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മട്ടന്നൂർ, കീഴല്ലൂർ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെയും ജലസേചന വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥരും ചേർന്നുള്ള യോഗം തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്തത്. കണ്ണൂർ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികളും യോഗത്തിൽ പങ്കെടുത്തു. പഴശ്ശി പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് എംഎൽഎയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ തകർന്ന ഭാഗം പുനർ നിർമ്മിക്കാനും അതിനായി മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി ക്യാബിനറ്റ് അംഗീകാരത്തിനായി അവതരിപ്പിക്കാനും തീരുമാനിച്ചു. എസ്ടിമേറ്റ് തയ്യാറാക്കാൻ ഐ ഡി ആർ ബി ചുമതലപ്പെടുത്തുകയും ഒരു മാസത്തിനകം പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാനും നിർദേശം നൽകും. എം എൽ എ യുടെ ആവശ്യപ്രകാരം ഓണത്തിന് മുൻപ് ബാധിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തിര ധനസഹായം നൽകാനും യോഗത്തിൽ തീരുമാനമായി. ഇതിനായി ജില്ലാകളക്ടറേ ചുമതലപ്പെടുത്തി. വില്ലേജ് ഓഫിസറുടെ നിർദേശം പ്രകാരം തുക അനുവദിക്കുമെന്നാണ് സൂചന. മന്ത്രി നേരിട്ട് പദ്ധതി പ്രദേശം അടുത്ത മാസത്തോടെ സന്ദർശിക്കാമെന്നും അറിയിച്ചു. പഴശ്ശി പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് എംഎൽഎയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പഴശ്ശി പദ്ധതിയുമായി ബന്ധപ്പെട്ട് വിപുലമായ യോഗം വൈദ്യുതി വകുപ്പ് മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ ചേരാനും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചു. മട്ടന്നൂരിൽ പഴശ്ശി പദ്ധതിയുടെ പുതിയ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം എൽ എ പറഞ്ഞു. വി കെ സനോജ് എം എൽ എ, കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സി സജീവൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്,പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി രുധീഷ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Share this article