ഡൽഹിയിൽ സിജെപി സമരം ശക്തമാകുന്നു, സംഘർഷത്തിൽ 70 പേർ പൊലീസ് കസ്റ്റഡിയിൽ
Author
Gramika Team
Published
July 21, 2026

ഡൽഹി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുന്നു.