ഡോ.എം.പി. പരമേശ്വരൻ അന്തരിച്ചു
Author
Gramika Team
Published
August 11, 2026

കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേതൃപരമായി നിരവധി സംഭാവനകൾ എം പി പരമേശ്വരൻ നൽകിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിച്ചുണ്ട്.