ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീട്ടും
Author
Gramika Team
Published
August 13, 2026

ടെഹ്‌റാൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി കഴിയുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.). സംഘർഷം നീട്ടിക്കൊണ്ടുപോയി ശത്രുവിനെ തളർത്തുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ തടയാൻ കഴിയുമെന്ന് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ മുഹമ്മദ് റസാ നഖ്ദി വ്യക്തമാക്കി. അടുത്ത പ്രസിഡന്റ് കാലാവധി എത്തുന്നതുവരെ ഈ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും യു.എസിന് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മുന്നിലെ ഒരു വഴിയാണ്. ഇറാനെ ആക്രമിക്കാൻ മുതിരുന്ന ഏതൊരാളും അതിന് വലിയ വിലനൽകേണ്ടിവരുമെന്ന് ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും. നിലവിൽ യുദ്ധത്തിൽ ഇറാനാണ് മുന്നിൽ. എന്നാൽ, അന്തിമലക്ഷ്യത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും നഖ്ദി പറഞ്ഞു.