ചെറുവാഞ്ചേരിയിൽ വ്യാപാരി ഹർത്താൽ പുരോഗമിക്കുന്നു: പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
Author
news desk
Published
October 23, 2026

ചെറുവാഞ്ചേരി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ചെറുവാഞ്ചേരി വില്ലേജിനെ പൂർണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ചെറുവാഞ്ചേരിയിൽ പുരോഗമിക്കുന്നു . രാവിലെ ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറുമണിവരെ നീണ്ടുനിൽക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെറുവാഞ്ചേരി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തിറങ്ങിയത്. ഹർത്താലിനോടനുബന്ധിച്ച് ചെറുവാഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പൂർണ്ണമായി അടഞ്ഞുകിടക്കുകയാണ്. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രദേശത്തെ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളായി. ഹർത്താലിനോടനുബന്ധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ ചെറുവാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ടൗണിൽ നടന്ന ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണ്ണയിൽ ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി. കെ. രാജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വില്ലേജിനെ പൂർണ്ണമായും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ചടങ്ങിൽ പ്രമുഖ നേതാക്കളായ കെ. രാഘവൻ, കെ. കെ. പവിത്രൻ, പി. വത്സൻ, സി. ശ്രീധരൻ, സി. എച്ച്. രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു.