ചാവശേരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി അപകടം
Author
Gramika Team
Published
July 14, 2026

മട്ടന്നൂർ: ചാവശേരി കാശിമുക്കിലാണ് കാർ നിയന്ത്രണം വിട്ടു കടകളിലേക്ക് പാഞ്ഞു കയറിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് നിയന്ത്രണം വിട്ടു കടകളിലേക്ക് പാഞ്ഞുകയറിയത്. കാശിമുക്ക് വളവിൽ റോഡരികിലെ കോൺക്രീറ്റിൻ്റെ സംരംക്ഷണ കുറ്റികളും തണൽ മരവും ഇടിച്ചു തകർത്ത ശേഷം കടകളുടെ വരാന്തയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രാത്രിയായതിനാൽ പ്രദേശത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട കാർ കോൺക്രീറ്റിൻ്റെ കലുങ്കിലിടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി.രാജേഷിൻ്റെ വിജി സ്റ്റോർ, ഇസ്മായിലിൻ്റെ ഫ്രൂട്സ് കട, ദിനേശൻ്റെ ബാർബർ ഷോപ്പ് എന്നിവയുടെ നെയിം ബോർഡുകളും മുൻ ഭാഗത്തെ ഷീറ്റുകളും തൂണുകളും തകർന്നു. വിവരം അറിഞ്ഞു മട്ടന്നൂരിൽ നിന്നു അഗ്നിശമന വിഭാഗവും പോലീസും സ്ഥലത്തെത്തിയിരുന്നു.