ഗ്യാനേഷ് കുമാറും എസ്.ഐ.ആറും തെറ്റാണെങ്കിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണം: പി.കെ. കൃഷ്ണദാസ്
Author
news desk
Published
October 15, 2026

തലശ്ശേരി: ഗ്യാനേഷ് കുമാറും എസ്.ഐ.ആറും തെറ്റാണെങ്കിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് - സി.പി.എം. ദേശവിരുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി. കണ്ണൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച "പ്രതിഷേധ ജനസഭ" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയം ജനം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ. വിഷയത്തിൽ സ്വന്തം താൽപ്പര്യങ്ങൾക്കും ജയപരാജയങ്ങൾക്കും അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റുകയാണ്. വി.ഡി. സതീശൻ സർക്കാർ ജനങ്ങൾക്ക് നൽകിയ അഞ്ച് 'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പിലാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. അധികാരത്തിൽ വന്ന് 150 ദിവസത്തിലധികമായിട്ടും കേരളത്തിലെ ജനങ്ങൾക്ക് എന്താണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി. കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ചടങ്ങിൽ അധ്യക്ഷനായി. വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം വി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ബി. പ്രജീൽ, എം.പി. സുമേഷ്, രാജൻ പുതുക്കുടി, സി.പി. സംഗീത, ജില്ലാ ജനറൽ സെക്രട്ടറി വി.പി. ഷാജി, മേഖല സെക്രട്ടറി കെ.കെ. ധനഞ്ജയൻ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി. രത്നാകരൻ, എൻ. ഹരിദാസ്, ഒ. നിധീഷ്, സംസ്ഥാന കൗൺസിൽ അംഗം കെ.പി. പത്മിനി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ആർ. സുരേഷ്, അഡ്വ. ഷിജിലാൽ തുടങ്ങിയവർ പങ്കെടുത്തു.