Author
Gramika Team
Published
July 7, 2026

ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടി ആരംഭിച്ചു
കണ്ണൂർ :ചക്കരക്കൽ ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ് പൈൽസ് ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ ചികിത്സാപ്പിഴവ് ആരോപണത്തെ തുടർന്ന് ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർഡിഒ) കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്തിരുന്നത്. പൈൽസ് ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യനില വഷളായ ഷാനവാസ് ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാണിച്ച് ഷാനവാസിന്റെ ഭാര്യ ബംഗളൂരു പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.