Author
Gramika Team
Published
June 4, 2026

കോവിഡ് പണികൊടുത്തത് 90's കിഡ്സിന്റെ ഇടുപ്പിന്
കോവിഡ് മുക്തരായി മാസങ്ങള്‍ കഴിഞ്ഞും മുടന്തല്‍, ഇടുപ്പ് വേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ ചെറുപ്പക്കാരില്‍ വര്‍ധിക്കുന്നതായി ഇന്ത്യയില്‍ പരക്കെ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇന്നും അസുഖങ്ങള്‍ വരുമ്പോള്‍ പലതിനും കോവിഡുമായി ബന്ധമുള്ളതായി ശാസ്ത്രം പറയുന്നു. കോവിഡിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇപ്പോഴിതാ 30നും 40നും ഇടയിലുള്ള യുവാക്കളില്‍ കോവിഡിന് ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്നവരില്‍ വന്‍ വര്‍ധനയെന്ന് പഠനം. ഒന്നും രണ്ടുമല്ല, 40ശതമാനമാണ് ഈ വര്‍ധന. കോവിഡ് ചികിത്സകള്‍ക്കായി ഉപയോഗിച്ച സ്റ്റിറോയ്ഡുകളുടെ പ്രത്യാഘാതം എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന അവാസ്ക്യുലാര്‍ നെക്രോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പല കേസുകളിലും ഇടുപ്പെല്ലിന് മുകളിലെ രക്തവിതരണം തടസപ്പെട്ട് തുടയെല്ല് ഇടുപ്പുമായി ചേരുന്ന കാല്‍ക്കുഴ ഭാഗം തകരുന്ന അവസ്ഥയാണ്. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ച സ്റ്റിറോയ്ഡുകള്‍ കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇടുപ്പെല്ല് മാറ്റിവയ്ക്കുന്നവരില്‍ മുന്‍പ് കൂടുതലും വയോജനങ്ങളായിരുന്നെന്നും എന്നാല്‍ നിലവിലത് 30 മുതല്‍ 40 വയസുവരേയുള്ളവരാണെന്നത് കുറച്ചൊന്നുമല്ല ആശങ്ക സൃഷ്ടിക്കുന്നത്.