കൊളശ്ശേരി ടോള്‍ പ്ലാസയിലെ ഡിവൈഎഫ്ഐ മാര്‍ച്ച്: ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു
Author
Gramika Team
Published
August 7, 2026

തലശ്ശേരി: മുഴപ്പിലങ്ങാട്, മാഹിബൈപാസിലെ ടോൾ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി, കൊളശ്ശേരി ടോൾ പ്ലാസയിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപിക്കുകയും ചെയ്തതായി പരാതിയിൽ തലശേരി പോലീസ് കേസ്സടുത്തു. ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എം.ഷാജർ, ജില്ലാ പ്രസിഡണ്ട്, കെ. അനുശീ, സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ, മറ്റു നേതാക്കളായ സച്ചിൻ, സനീഷ്, ശരത്, അതുൽ, ഷമീർ, നിഥിൻ, അർജുൻ , അഫ്സൽ എന്നിവർ ഉൾപെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ബാരിക്കേഡ് മറികടന്ന് എത്തിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച എസ്.ഐ. അനുരൂപിന്റെ ഹെൽമറ്റിനും മുഖത്തും കൈ കൊണ്ട് കുത്തുകയും സി.പി.ഒ. അഖിലിനെ പിടിച്ചു വലിച്ചുവെന്നും പരിക്കേറ്റ ഇരുവരും തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണ് പരാതി. എന്നാൽ സമാധാനപരമായി നടന്ന സമരത്തിൽ കേസുണ്ടാവില്ലെന്ന് എ.എസ്.പി,യും കണ്ണൂർ എ.സി, പി യും ഉറപ്പു നൽകിയതാണെന്ന് നേതാക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണ് ബാലത്തിൽ നിന്നും പ്രകടനമായെത്തിയ നേതാക്കളും പ്രവർത്തകരും കൊളശ്ശേരി ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തിയിരുന്നത്. ടി. രാജേഷ് എസ്.ഐ യ്ക്കാണ് അന്വേഷണ ചുമതല.