Local News

കൈക്കൂലി കേസിൽ റവന്യു ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

G

Author

Gramika Team

Published

July 17, 2026

കൈക്കൂലി കേസിൽ റവന്യു ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കണ്ണൂര്‍ കുറ്റ്യേരി സ്വദേശിയും ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്പെക്ടറുമായ പി.പി ശ്രീധരന്‍ ആണ് പിടിയിലായത്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന്‍ പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ മൈനിംഗ് & ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അനുമതി നല്‍കുന്നതിന് കണ്ണൂര്‍ മൈനിംഗ് & ജിയോളജി ഓഫീസ് കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. തുടര്‍ന്നും പരിശോധന നടത്താത്തതിനാല്‍ പരാതിക്കാരന്‍ വീണ്ടും ഓഫീസില്‍ എത്തുകയും, മൈനിംഗ് റവന്യു ഇന്‍സ്പെക്ടറായ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ സൈറ്റ് ഇന്‍സ്പെക്ഷന്‍ നടത്തണമെങ്കില്‍ 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലന്‍സിന്‍റെ നിര്‍ദേശാനുസരണം നല്‍കിയ കൈക്കൂലി വാങ്ങവേ ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Share this article