Local News

കേന്ദ്ര ഏജൻസി വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രകാശ് കാരാട്ട്

G

Author

Gramika Team

Published

October 2, 2026

കേന്ദ്ര ഏജൻസി വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രകാശ് കാരാട്ട്

തലശ്ശേരി: രാഷ്‌ട്രീയ പകപോക്കലിന്‌ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നതടക്കമുള്ള മോഡിസർക്കാർ നയങ്ങളോട്‌ കോൺഗ്രസ്‌ സ്വീകരിക്കുന്ന ഇരട്ടത്താപ്പ്‌ രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ ദുർബലമാക്കുമെന്ന്‌ സിപിഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. കോടിയേരി ബാലകൃഷ്‌ണൻ ചരമദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തലശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയബസ്‌സ്‌റ്റാന്റ് പരിസരത്ത് നടന്ന സമ്മേളനത്തിൽ കാരായി രാജൻ എം.എൽ എ അധ്യക്ഷനായി. സ്വന്തം നേതാക്കൾക്കെതിരെ വരുമ്പോൾ ഇഡിയെ എതിർക്കുകയും മറ്റുപാർട്ടികൾക്കെതിരെയാവുേമ്പോൾ സ്വാഗതം ചെയ്യുകയും ചെയ്യുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇഡിയെ ക്ഷണിക്കുകയും ഡൽഹിയിൽ ഇഡിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന പാർടിയാണ്‌ കോൺഗ്രസ്‌.  പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ഉപകരണമായി ഇഡിയും സിബിഐയും ആദായനികുതി വകുപ്പും മോഡി ഭരണത്തിൽ മാറി. ഡൽഹി മുൻ മുഖ്യമന്ത്രി അരവി്ന്ദ്‌ കെജ്‌രിവാളും ത്സാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറനുമെല്ലാം കേന്ദ്രഏജൻസികളുടെ നിയമവിരുദ്ധ നടപടികളുടെ ഇരകളാണ്‌. ഇഡി നിയമനടപടി നേരിടുന്നവരാണ്‌ രാജ്യത്തെ 25 ലേറെ കോൺഗ്രസ്‌ നേതാക്കൾ. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടപടി വന്നപ്പോൾ ഇഡി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. കേരളത്തിലാവട്ടെ കോൺഗ്രസ്‌ നേതൃത്വം ഇഡിയെ ക്ഷണിച്ച്‌ പിണറായിയെ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലടക്കണമെന്ന്‌ ആവശ്യപ്പെടുന്നു കാരാട്ട് പറഞ്ഞു. അടിയന്തരാവസ്ഥയിൽ ഭീകര മർദനവും ജയിൽ വാസവും അനുഭവിച്ച നേതാവാണ്‌ പിണറായിവിജയൻ. ഇത്തരത്തിലുള്ള പല അടിച്ചമർത്തലുകളും കടന്നാക്രമണങ്ങളും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം നേരിട്ടിട്ടുണ്ട്‌.

Share this article